ന്യൂഡല്‍ഹി: ദളിത് വനിതാ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മഹാത്മാഗാന്ധി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെ രേഖാ രാജും സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ നിഷ വേലപ്പൻ നായരെ ഉടൻ നിയമിക്കാൻ ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിന് മഹാത്മാഗാന്ധി സർവകലാശാലയ്ക്കെതിരെ നിഷ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.
ഓണാവധിക്ക് ശേഷം ഹർജി ഹൈക്കോടതി പരിഗണിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് എംജി സർവകലാശാല സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹർജികളിൽ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് സർവകലാശാലയുടെ ആവശ്യം. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് എംജി സർവകലാശാലയുടെ തീരുമാനം.
അഭിഭാഷക സാക്ഷി കക്കറാണ് സർവകലാശാലയുടെ അപ്പീൽ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെന്നാണ് അപ്പീലിലെ പ്രധാന വാദം.