ടൊറന്റോ (കാനഡ): ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചതായി കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കോവിഡ് 19 പാന്‍ഡമിക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കമേഴ്സ്യല്‍ , സ്വകാര്യ വിമാന സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.
പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 22 ന് പലതവണ ദീര്ഘിപ്പിച്ച നിരോധനം ആഗസ്ത് 21 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് .
അതേസമയം കാനഡ തങ്ങളുടെ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ വാക്സിനേഷന് പാസ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അടുത്ത മാസം തന്നെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കാനഡ വാക്സിന് പാസ്പോര്‍ട്ട് നല്‍കുമെന്ന് ഗവണ്മെന്റ് അധികൃതര്‍ അറിയിച്ചു.
വാക്സിനേറ്റ് ചെയ്യുന്നതില്‍ കാനഡ ലോകത്തിലെ ഏത് രാജ്യത്തെക്കാളും മുന്നിലാണ് . ജൂലായ് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കാനഡയിലെ 12 വയസ്സിന് മുകളിലുള്ള 81 ശതമാനം പേര്‍ക്കും വാക്സിന് നല്കി കഴിഞ്ഞു . അതില്‍ 68 ശതമാനം പേര്‍ക്കും രണ്ടു ഡോസും നല്‍കിയിട്ടുണ്ട് .
കാനഡയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ അധികൃതര്‍ ആഗസ്ത് 12 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .