തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ ഇളവുമയി ബന്ധപ്പെട്ട് രാമചന്ദ്രൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ വിദ്യാർഥി വിരുദ്ധ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ മുഹ്താർ പറഞ്ഞു. ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിധി നിശ്ചയിച്ച് വിദ്യാർഥികളുടെ യാത്രാ കൺസെഷൻ അവകാശത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റേഷൻ കാർഡ് അടിസ്ഥാനത്തിൽ തരംതിരിച്ചു കൊണ്ട് വിദ്യാർഥി അവകാശങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ട് പോയാൽ വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട് കാംപസ് ഫ്രണ്ട് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഉമർ മുഹ്താർ കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി സലാഹുദീൻ അയൂബി അധ്യക്ഷത വഹിച്ചു സംസാരിച്ചു. സിറ്റി ഏരിയ പ്രസിഡന്റ് ഹാജ നന്ദി അറിയിച്ചു സംസാരിച്ചു.
