ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്ടെക് മേജർ ബൈജൂസും എംപിഎൽ സ്പോർട്സും. ജൂണിൽ, ബൈജൂസ് ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ 35 മില്യൺ യുഎസ് ഡോളറിന് 2023 നവംബർ വരെ നീട്ടിയിരുന്നു. എന്നാൽ ബി.സി.സി.ഐയുമായുള്ള കരാർ അവസാനിപ്പിക്കാൻ ബൈജൂസ് ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന് ശേഷം കരാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ നാലിന് ബൈജൂസിൽ നിന്ന് ബി.സി.സി.ഐക്ക് ഇ-മെയിൽ ലഭിച്ചിരുന്നു. ബൈജൂസുമായുള്ള ചർച്ചകൾ അനുസരിച്ച്, നിലവിലെ ക്രമീകരണത്തിൽ തുടരാനും കുറഞ്ഞത് 2023 മാർച്ച് വരെയെങ്കിലും പങ്കാളിത്തം തുടരാനും ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.സി.സി.ഐ പറഞ്ഞു. ബുധനാഴ്ച ചേർന്ന ബി.സി.സി.ഐയുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
2019ലാണ് ഓപ്പോയെ മാറ്റി സ്ഥാപിച്ചത്. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിന്റെ സ്പോൺസർമാരിൽ ഒരാളായിരുന്നു ബൈജൂസ്. അടുത്തിടെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തിലധികം പേരെ പിരിച്ച് വിടാനുള്ള പദ്ധതികൾ ബൈജൂസ് പ്രഖ്യാപിച്ചിരുന്നു.