
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദ് റിമാൻഡിൽ. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനായി മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.
കൊച്ചി സ്വദേശികളിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് പൊലീസിന്റെ നടപടി. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് കടലാസ് കമ്പനിയാണെന്ന സംശയത്തിലാണ് പൊലീസ്. കമ്പനിയുടെ സിഇഒ എന്ന പേരിൽ തട്ടിപ്പിന് കൂട്ട് നിന്ന ചെന്നൈ സ്വദേശി ശരവണന് വേണ്ടിയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ആരോപണം ഉന്നയിച്ചതോടെയാണ് മുഹമ്മദ് ഷർഷാദ് ശ്രദ്ധാകേന്ദ്രമാകുന്നത്.
സിപിഎം നേതാക്കൾക്കെതിരെ ഇയാൾ സിപിഎം പോളിറ്റ് ബ്യൂറോക്ക് പരാതി അയച്ചതാണ് വിവാദമായത്. യുകെ വ്യവസായി ആയ വ്യക്തി സിപിഎം നേതാക്കളുടെ ബിനാമി എന്നായിരുന്നു മുഹമ്മദ് ഷർഷാദിന്റെ ആരോപണം. ഇതിൽ നേതാക്കൾ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ അറസ്റ്റ്. കൂടുതൽ പരാതിക്കാരുണ്ടെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. വിശ്വാസവഞ്ചന ഉൾപ്പടെ ഉള്ള ജാമ്യമില്ല വകുപ്പുകളിലാണ് പൊലീസ് കേസ്.


