മനാമ: കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ കഴിഞ്ഞ മാർച്ചിൽ താംകീൻ പ്രഖ്യാപിച്ച “ബിസിനസ് തുടർച്ച പിന്തുണാ പദ്ധതി” മൂന്ന് മാസത്തേക്ക് കൂടി നീട്ടുമെന്നും ഗ്രാന്റ് തുക വർദ്ധിപ്പിക്കുമെന്നും പദ്ധതിയുടെ ബജറ്റ് വർദ്ധിപ്പിക്കുമെന്നും “തംകീൻ” ലേബർ ഫണ്ട് സിഇഒ ഡോ. ഇബ്രാഹിം ജനാഹി പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കാൻ നാഷണൽ ടാസ്ക് ഫോഴ്സ് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് പ്രവർത്തനച്ചെലവിന്റെ ഭാഗമായി സാമ്പത്തിക ധനസഹായം നൽകുന്നതിനായിട്ടാണ് “ബിസിനസ് തുടർച്ച പിന്തുണ” പ്രോഗ്രാം ആരംഭിച്ചത്. ഇതിന്റെ രണ്ടു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2020 ജൂലൈ വരെ സജീവമാക്കിയ രണ്ടാം ഘട്ടത്തിന്റെ കാലാവധിയാണ് മൂന്നു മാസം കൂടി നീട്ടിയത്. 15,600 ലധികം ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് പിന്തുണ നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.
1914 ബ്യൂട്ടി സലൂണുകൾ, 393 റെസ്റ്റോറന്റുകളും കഫേകളും, 346 ട്രാവൽ ആൻഡ് ടൂറിസം ഓഫീസ്, 205 ക്ലബ്ബുകൾ, 193 ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവക്ക് താംകീൻ പിന്തുണ നൽകി. കൂടാതെ ടാക്സി, ബസ് ഡ്രൈവർമാർ, ഡ്രൈവിംഗ് ട്രെയിനർമാർ, കിന്റർഗാർട്ടൻ തൊഴിലാളികൾ എന്നിവരെ പിന്തുണയ്ക്കുന്നത് തുടരും. അടുത്ത മൂന്ന് മാസത്തേക്ക് ഇത് 50% വർദ്ധിപ്പിച്ചു. 900 ലധികം ബഹ്റൈനികളെ പിന്തുണച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 40 മില്ല്യൺ ബഹ്റൈൻ ദിനാർ ബിസിനസ് തുടർച്ച പിന്തുണാ പദ്ധതിക്കായി സർക്കാർ ഒരു ബജറ്റ് അനുവദിച്ചു. സ്ഥാപനങ്ങൾക്ക് നൽകുന്ന പിന്തുണ തുക ആദ്യ ഘട്ടത്തിൽ തന്നെ ഓരോ സ്ഥാപനത്തിന്റെയും വലുപ്പത്തിനനുസരിച്ചാണ് നൽകിയത്. ഓരോ സ്ഥാപനത്തിനും മൊത്തം മൂല്യം 1050 ബഹ്റൈൻ ദിനാർ മുതൽ 12000 ബഹ്റൈൻ ദിനാർ വരെയാണ്. ഇത് 3 മാസമായി തിരിച്ചാണ് നൽകിയത്.