അബഹ (സൗദി): ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേർ മരിച്ചതായി റിപ്പോർട്ട്. 18 പേർക്ക് പരിക്കേറ്റു. ഇതിൽ 16 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള യാത്രക്കാരാണ് ബസിൽ കൂടുതലുണ്ടായിരുന്നത്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിലാണ് ഇവർ തീർത്ഥാടനത്തിന് പുറപ്പെട്ടത്.
ഖമീസ് മുശൈത്തിൽ നിന്ന് ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുകയായിരുന്ന ബസ് തിങ്കളാഴ്ച വൈകിട്ട് 5.30 നും 6 നും ഇടയിൽ അസീറിന് വടക്ക് അഖബ ഷാറിലെ മഹായിൽ ചുരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ബസിന് തുടർന്ന് തീപിടിച്ചു. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
സിവിൽ ഡിഫൻസ് സംഘവും റെഡ് ക്രസന്റും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ അബഹയിലെ അസീർ ഹോസ്പിറ്റൽ, അബഹ പ്രൈവറ്റ് ഹോസ്പിറ്റൽ, സൗദി ജർമ്മൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.