മെല്‍ബണ്‍: ടി20 ലോകകപ്പിന് മുൻപ് ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ബുംറയുടെ അഭാവം ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ബുംറയ്ക്ക് കുറഞ്ഞത് ആറാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്.
ലോകകപ്പ് പ്രധാനമാണെങ്കിലും ബുംറയുടെ കരിയറാണ് അതിനേക്കാൾ പ്രധാനമെന്നും, 27-28 വയസുകാരനായ ബുംറയ്ക്ക് ഒരുപാട് സമയമുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു. മെൽബണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്.
“ബുംറയുടെ പരിക്കിനെക്കുറിച്ച് ഞാൻ ധാരാളം വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ, ആരുടെയും ഭാഗത്തുനിന്നും ഫലപ്രദമായ മറുപടിയുണ്ടായില്ല. ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്, പക്ഷേ ബുംറയുടെ കരിയർ അതിലും പ്രധാനമാണ്. അദ്ദേഹത്തിന് ഇപ്പോൾ 27-28 വയസ്സേയുള്ളൂ, ബുംറയ്ക്ക് ഇനിയും ഒരുപാട് കാലം ബാക്കിയുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ അത്തരമൊരു റിസ്ക് എടുക്കാൻ കഴിയില്ല. ഞങ്ങൾ സംസാരിച്ച എല്ലാ വിദഗ്ദ്ധരും ഇതേ കാര്യം പറഞ്ഞു. ബുംറയ്ക്ക് മുന്നിൽ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്. നിരവധി മത്സരങ്ങളിൽ പങ്കെടുക്കുന്നത് തുടരാനും ടീം ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിക്കാനും അദ്ദേഹത്തിന് കഴിയും. ബുംറയുടെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും” രോഹിത് പറഞ്ഞു.