തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് കൈമാറിയത്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിദഗ്ദ്ധ സമിതി ശേഖരിച്ചു.
ഫീൽഡ് പരിശോധന നടത്തിയും ജനങ്ങളുടെ പരാതികൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ബഫർ സോൺ പ്രദേശങ്ങളിലെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ടിലുണ്ട്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് പരിശോധിക്കും.
അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയ ശേഷം സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിലിന് നൽകും. തുടർന്ന് ഇത് കോടതിക്ക് കൈമാറും. ബഫർ സോൺ നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മറ്റും സമിതിയുടെ റിപ്പോർട്ടിലൂടെ സുപ്രീം കോടതിയെ അറിയിക്കാൻ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചേക്കും.