
ജനീവ: സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസാര്‍മമെന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ഔട്ടര്‍ സ്പേസ് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2025ല്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) സി.ഇ.ഒ. ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പങ്കെടുത്തു.
‘ദര്‍ശനവും ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധം സ്ഥാപിക്കല്‍: സുരക്ഷിതമായ ബഹിരാകാശ ഭാവിയിലേക്കുള്ള വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിലാണ് സമ്മേളനം നടന്നത്. ബഹിരാകാശത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷം പരിശോധിക്കാന്‍ മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, ബഹിരാകാശ ഏജന്‍സി ഉദ്യോഗസ്ഥര്‍, വ്യവസായ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, പൊതുസമൂഹ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ബഹിരാകാശ അവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന വര്‍ധിച്ചുവരുന്ന അപകടസാധ്യതകള്‍, ഉപഗ്രഹ വിരുദ്ധ ശേഷികള്‍, സൈബര്‍ ഭീഷണികള്‍ തുടങ്ങി നിരവധി പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. നിര്‍മിതബുദ്ധി, ക്വാണ്ടം ആശയവിനിമയങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങള്‍, ബഹിരാകാശ സംവിധാനങ്ങളുടെ ദുര്‍ബലതകളും ഭൂമിയില്‍ അവ ചെലുത്തുന്ന സ്വാധീനവും, ചന്ദ്ര ഭ്രമണപഥത്തിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളുടെ നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ എന്നിവയും ചര്‍ച്ചയില്‍ വന്നു.


