ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്രസമിതി ( ബി.ആർ.എസ്) നേതാവും തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ ഇ.ഡി കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ കവിതയുടെ വസതിയിൽ ഇ.ഡിയും ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവരെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന് സെഷൻസ് കോടതി ഉത്തരവിട്ടു. കേസിലെ ഇ.ഡി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളിക്കൊണ്ടാണ് സെഷൻസ് കോടതിയുടെ ഉത്തരവ്.
കേസിൽ നേരിട്ട് ഹാജരാകാൻ കെജ്രിവാളിന് കോടതി കഴിഞ്ഞ മാസം സമയം നീട്ടിനൽകിയിരുന്നു. മാർച്ച് 16ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. ഇതിനിടയിലാണ് ഇ.ഡി സമൻസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചത്.
ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യവില്പനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കവിതയും എ.എ.പി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ഇ.ഡി ആരോപണം.