ന്യൂഡല്‍ഹി: 1947ലെ വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖി ഒരു കൈക്കുഞ്ഞായിരുന്നു. വേദനാജനകമായ വിഭജനം അനേകായിരം കുടുംബങ്ങളെപ്പോലെ സിദ്ദിഖിയുടെ കുടുംബത്തെയും വേര്‍പെടുത്തി. മുഹമ്മദ് സിദ്ദിഖി പാകിസ്ഥാനിലായി. അദ്ദേഹത്തിന്റെ സഹോദരന് ഹബീബ് ഇന്ത്യയിലും വളര്‍ന്നു. 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, രണ്ട് സഹോദരന്മാരും തമ്മില്‍ക്കണ്ടു.
കര്‍തര്‍പ്പൂര്‍ ഇടനാഴിയില്‍ വെച്ചായിരുന്നു ഈ ഊഷ്മള കൂടിക്കാഴ്ച. പരസ്പരം കണ്ടനിമിഷം കെട്ടിപ്പിടിച്ച് കരയുന്ന സഹോദരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഭജനത്തിന്റെ വേദനകള്‍ ഇനിയും ഒടുങ്ങാതെ ബാക്കിനില്‍ക്കുമ്പോള്‍, ഇത്തരം കൂടിച്ചേരലുകള്‍ ആശ്വാസം പകരുന്നതാണ്.