യുകെ: ബ്രിട്ടന് സമീപം കടലിൽ വായുവ്യാപനത്തെ തുടർന്ന് ന്യൂനമർദ്ദ മേഖല രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിന് വടക്കുള്ള പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽ മഴയും കാറ്റും രൂപപ്പെടുന്നതിന് മുമ്പ് തന്നെ യുകെയുടെ വടക്കൻ ഭാഗങ്ങളിൽ ഇവയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
മഴയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാൻ ബ്രിട്ടിഷ് കാലാവസ്ഥാ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. താഴ്ന്ന നടപ്പാതകളും ജലസ്രോതസ്സുകൾക്ക് സമീപമുള്ള പാലങ്ങളും ഒഴിവാക്കാനും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളത്തിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കാനും ബ്രിട്ടീഷ് കാലാവസ്ഥാ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ബ്രിട്ടന്റെ മധ്യ, കിഴക്കൻ മേഖലകളിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മരക്കൊമ്പുകളും മറ്റും അധികൃതർ മുറിച്ചുമാറ്റി.
ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിൽ 15, 16 തീയതികളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, ബ്രിട്ടനിൽ മഴയ്ക്കൊപ്പം കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ 15 മുതൽ ഇത് സംഭവിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. അടുത്തയാഴ്ച ബ്രിട്ടനിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ പോകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.