ഹ്യൂസ്റ്റൺ, ജനുവരി 27, 2024 : കൗമാരക്കാരും അവരുടെ മാതാപിതാക്കളും തമ്മിലുള്ള കുടുംബബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) “ബ്രിഡ്ജിംഗ് ദി ഗ്യാപ്പ്” എന്ന പേരിൽ നടത്തപ്പെട്ട സെമിനാർ വിജയകരമായി. MAGH 2024 വിമൻസ് ഫോറം സംഘടിപ്പിച്ച പരിപാടി സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ച് നടത്തപ്പെട്ടു.
ജനുവരി 27 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച സെമിനാറിൽ, വനിതാ പ്രതിനിധി ആൻസി സാമുവൽ സ്വാഗതം ആശംസിച്ചു. സൈക്യാട്രിസ്റ്റ് ഡോ. സുനന്ദ മുരളി, ഫാമിലി കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സജി മത്തായി, ലൈസൻസ്ഡ് മെൻ്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ബ്ലെസി ചാക്കോ, ലൈഫ് കോച്ചും ഹിപ്നോതെറാപ്പിസ്റ്റുമായ ഷിജോ ചാണ്ടപ്പിള്ള എന്നിവർ മുഖ്യപ്രഭാഷകരായി പരിപാടിയിൽ പങ്കെടുത്തു.
തലമുറകളുടെ വിഭജനം അഥവാ ജനറേഷൻ ഗ്യാപ്പ് മനസ്സിലാക്കുക, ടീൻ ഏജേർസിലുള്ള പൊതുവായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക, ആശയവിനിമയത്തിൻ്റെ വിടവുകൾ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് നികത്തുന്നതിനുള്ള തന്ത്രങ്ങൾ മനസ്സിലാക്കുക അവ എപ്രകാരം ഉപയോഗിക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ നയിച്ചുകൊണ്ട് സെമിനാറിൽ മാസ്റ്റർ ഓഫ് സെറിമോണി ആയും മോഡറേറ്ററായും ഷിജോ ചാണ്ടപ്പിള്ള പ്രവർത്തിച്ചു. ക്രിയാത്മകമായ പ്രശ്ന പരിഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുവായ ഭയങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുന്നതിനാണ് ചർച്ചകൾ രൂപപ്പെടുത്തിയത്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും അവരുടെ ആശങ്കകളെ ഫലപ്രദമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഇൻ്ററാക്ടീവ് സെഷനിലൂടെ സെമിനാർ മുന്നോട്ടുപോയി. തെറാപ്പിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ പ്രതികരണങ്ങൾ പ്രഭാഷണത്തിന് കാതലായ മൂല്യം നൽകി.
റോയൽ ഇന്ത്യൻ ക്യുസീൻ സ്പോൺസർ ചെയ്ത സ്നാക്സുകൾ സെമിനാറിന് സ്വാദിഷ്ടമായ സ്പർശം നൽകി. ഉച്ചയ്ക്ക് 1:30 ന് വനിതാ പ്രതിനിധി അനില സന്ദീപിൻ്റെ സമാപന പ്രസംഗത്തോടെ പരിപാടി സമാപിച്ചു, പങ്കെടുത്ത എല്ലാവരോടും പ്രസംഗകർക്കും ഹൃദയംഗമമായ നന്ദി പറഞ്ഞു.
MAGH 2024 ഡയറക്ടർ ബോർഡ് എല്ലാവരും തന്നെ സന്നിഹിതരായിരുന്നു. “ബ്രിഡ്ജിംഗ് ദ ഗ്യാപ്പ്” സെമിനാർ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനായുള്ള സമൂഹത്തിൻ്റെ പ്രതിബദ്ധത മാത്രമല്ല ഭാവിയിൽ MAGH-ൻ്റെ സംരംഭങ്ങൾക്കുള്ള ഒരു വഴിവിളക്കും കൂടിയാണ് എന്ന് അടയാളപ്പെടുത്താവുന്നതാണ്.