കോഴിക്കോട്: 2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി കെ ബീനയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി 2020 ല്‍ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും 5.05 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ആധാരം എഴുത്തുകാരനായ ടി ഭാസ്കരനോട് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസില്‍ വെച്ച് അന്നത്തെ വിജിലന്‍സ് ഡിവൈഎസ് പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു.