കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കൈക്കൂലി ആരോപണ വിധേയനായ അഭിഭാഷകനെ നീക്കി. ഉപഭോക്തൃ നിയമത്തെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ പ്രകാശനം ചീഫ് ജസ്റ്റിസ് എസ്. മണികുമാറാണ് നിർവഹിക്കുന്നത്. അടുത്തിടെ സംഘടനയുടെ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെയായിരുന്നു ചടങ്ങിൽ ആദ്യം അധ്യക്ഷത വഹിക്കാനായി നിശ്ചയിച്ചത്. ഇതു പ്രകാരം പരിപാടിയുടെ ബ്രോഷർ അച്ചടിച്ച് നൽകുകയും ചെയ്തു.
ഇതിനിടയിലാണ് ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ തന്റെ കക്ഷിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി കത്തയച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് അഭിഭാഷകനെ മാറ്റിയത്. ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.