കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. എറണാകുളം കലക്ടറേറ്റിൽ രാവിലെ 9ന് ചേരുന്ന യോഗത്തിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ്, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, അഗ്നിശമന സേനാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. മൂന്ന് ദിവസമായി കൊച്ചിയെ മൂടിയിരിക്കുന്ന പുക മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അടിയന്തര യോഗം ചേരുന്നത്. ഇന്നലെ രാത്രിയോടെ കാറ്റിന്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പുക പടർന്നിരുന്നു. ഇന്ന് രാവിലെയോടെ സ്ഥിതി അൽപം മാറി. ബ്രഹ്മപുരത്തെ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്ന് അഗ്നിശമന സേന അറിയിച്ചു. ഇന്ന് തന്നെ തീ പൂർണമായും അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഗ്നിശമന സേനയുടെ 25 യൂണിറ്റും നാവികസേനയുടെ രണ്ട് യൂണിറ്റും സ്ഥലത്തുണ്ട്. ഇതുവരെ 80 ശതമാനം തീ അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി എൻ സതീശൻ പറഞ്ഞു. മിനിറ്റിൽ 5,000 ലിറ്റർ വെള്ളം ആഗിരണം ചെയ്യാൻ കഴിയുന്ന ഹൈ പ്രഷർ പമ്പ് വഴിയാണ് നദിയിൽ നിന്ന് വെള്ളം എടുത്ത് തീയിൽ ഒഴിക്കുന്നത്. നിലവിൽ കൊച്ചിയിലെ കുണ്ടന്നൂർ മേഖലയിൽ കനത്ത പുകയുണ്ടെന്നാണ് റിപ്പോർട്ട്.