കീവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുടെ നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപെട്ട വീരനായകൻ കൊല്ലപ്പെട്ടു. നാസി ഭീകരത ഏറ്റുവാങ്ങിയ ബോറിസ് റോമൻചെങ്കോവാണ് യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 96 വയസ്സു കാരനായ ബോറിസ് താമസിച്ചിരുന്ന ബഹുനില മന്ദിരത്തിന് നേരെ റഷ്യയുടെ ഷെല്ലാക്ര മണം നടന്നതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
രണ്ടാംലോകമഹായുദ്ധകാലഘട്ടത്തിൽ ബുചെൻവാൾഡ്, ഡോറാ മിറ്റെൽബാവു ക്യാംപു കളിലാണ് ബോറിസ് കഴിഞ്ഞിരുന്നത്. സോവിയറ്റ്യൂണിയന്റെ ഉയർച്ചതാഴ്ചകൾ നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ബോറിസ്. യുക്രെയ്നിലെ ബോണ്ടാരിയിൽ 1926 ജനുവരി 20നാണ് അദ്ദേഹം ജനിച്ചത്. 1942ൽ ജർമ്മനിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം ഖനികളിൽ അടിമവേലചെയ്യേണ്ടിവന്നിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ബോറിസിനെ ബുച്ചെൻവാൽഡ് ക്യാമ്പിലെത്തിക്കുകയായിരുന്നു. 53,000 പേർ കൊല്ലപ്പെട്ട കാലയളവിനെ അതിജീവിച്ച യുവാവാണ് ഇന്നലെ സ്വന്തം നാട്ടിൽ കൊല്ലപ്പെട്ടത്.
1937ലാണ് ജർമ്മനി വെയ്മറിനടുത്ത് ബുചെൻവാൾഡിൽ തടവുപുള്ളികൾക്കായി ക്യാമ്പുകൾ തുറന്നത്. ബോറിസിന്റെ മരണം കൊച്ചുമകളാണ് ലോകത്തെ അറിയിച്ചത്. നാസി ഭീകരതയിൽ നിന്ന് രക്ഷപെട്ടവരുടെ കൂട്ടായ്മയും ബോറിസിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.