തിരുവനന്തപുരം: മംഗലാപുരം പായ്ച്ചിറയിൽ യുവാവിനെ പണത്തിനായി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ രണ്ട് തവണ ബോംബേറുണ്ടായി. രണ്ട് തവണയും പൊലീസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉച്ചയോടെ പൊലീസിനെ ആക്രമിച്ച പ്രതി ഷഫീഖ് ബോംബെറിഞ്ഞു. ഷഫീഖിനെ പിടികൂടാൻ പൊലീസ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രണ്ടാമതും ബോംബ് എറിഞ്ഞത്. ഈ വീട്ടിൽ നിന്ന് മയക്കുമരുന്ന് അടങ്ങിയ ബാഗും പൊലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ പൊലീസ് എത്തുന്നതിന് മുമ്പ് ഷെഫീഖിന്റെ അമ്മ ബാഗ് വീടിന് സമീപം ഒളിപ്പിച്ചിരുന്നു. നാട്ടുകാർ ഇക്കാര്യം മംഗലാപുരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് പരിശോധിച്ചില്ല.
പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് ബുധനാഴ്ച വൈകിട്ടോടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. ബൈക്ക് തട്ടിയെടുത്ത ശേഷം നിഖിലിന്റെ അടിവസ്ത്രങ്ങളിൽ പടക്കം തിരുകിക്കയറ്റി. വാളുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കടത്തിയത്. സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ഷഫീഖ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. നിഖിലിനെ സംഘം ഷെഫീഖിന്റെ വീട്ടിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. നിഖിൽ നോർബർറ്റ് നേരത്തെ കഞ്ചാവ് കേസിലെ പ്രതിയാണ്. നിഖിലിന്റെ അച്ഛനെ വിളിച്ചുവരുത്തിയ സംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ലൊക്കേഷനും അയച്ചുകൊടുത്തു.
ഇന്നലെ സ്ഥലം കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലീസ് എത്തിയപ്പോൾ നിഖിലിനെ കഴക്കൂട്ടം ഏലായിൽ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് അക്രമികൾ പൊലീസിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്ന് നിഖിൽ പറയുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് പായിച്ചിറയിലെ ഷഫീഖിന്റെയും ഷെമീറിന്റെയും വീട്ടിലെത്തിയത്. വീട്ടിനുള്ളിൽ നിന്ന് സംഘം പൊലീസിന് നേരെ ബോംബെറിഞ്ഞു. വീണ്ടും കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ പ്രതിയുടെ അമ്മ ഷീജ പൊലീസിന് നേരെ കോടാലി എറിഞ്ഞു. ഷെമീറിനെയും ഷീജയെയും മംഗലാപുരം പൊലീസ് കസ്റ്റഡിലെടുത്തു.