കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. രാവിലെ പതിനൊന്നുമണിയോടെ കീഴ്മാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിൽ നാട്ടുകാർ ഉൾപ്പടെ ആയിരങ്ങളാണ് പങ്കെടുത്തത്. വികാര നിർഭരമായ രംഗങ്ങളാണ് ശ്മശാനത്തിൽ അരങ്ങേറിയത്. മൃതദേഹം സംസ്കരിക്കുന്ന രംഗം കാണാനാവാതെ സ്ത്രീകൾ ഉൾപ്പടെയുള്ള പലരും പൊട്ടിക്കരയുകയായിരുന്നു. പ്രതിക്കെതിരെയും പൊലീസിനെതിയും ചിലർ ശാപവാക്കുകളും ചൊരിഞ്ഞു.
നേരത്തേ മൃതദേഹം തായിക്കാട്ടുകര എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോഴും .നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഹൃദയം തകരുന്ന രംഗങ്ങളായിരുന്നു സ്കൂളിൽ. മൃതദേഹം കണ്ട് സഹപാഠികളും നാട്ടുകാരും അദ്ധ്യാപകരും പൊട്ടിക്കരയുകയുകയായിരുന്നു. മൃതദേഹം കണ്ട് ചിലർ ബോധംകെട്ടു .അതിനിടെ, കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി അസ്ഹാക്ക് ആലം തനിച്ചാണ് കൊടുംക്രൂരത ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുഞ്ഞിനെ ക്രൂരപീഡനത്തിന് ഇരയാക്കിയശേഷം കൊന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഒന്നര വർഷംമുമ്പ് കേരളത്തിലെത്തിയ അസ്ഹാക്ക് മോഷണക്കേസിലെയും പ്രതിയാണ്. മൊബൈൽ മോഷണത്തിലാണ് ഇയാൾ ഉൾപ്പെട്ടിരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇയാൾ നിർമ്മാണജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും.അറസ്റ്റിലായ പ്രതിയുമായി അടുപ്പമുള്ളവരെ ചോദ്യംചെയ്തു വരികയാണ്.അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മുക്കത്തു പ്ളാസ കെട്ടിട സമുച്ചയത്തിന്റെ മുറ്റത്തു നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നരാധമനായ ബീഹാർ സ്വദേശി അസ്ഹാക്ക് ആലം (26) സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ഒന്നര കിലോമീറ്റർ അകലെ ആലുവ മാർക്കറ്റിന് പിന്നിൽ മാലിന്യങ്ങൾക്കിടയിലാണ് കുട്ടിയെ കുഴിച്ചു മൂടിയത്.സംഭവം നടന്ന് അഞ്ചര മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തായിക്കാട്ടുകര ഗാരേജിന് സമീപത്തെ താമസസ്ഥലത്തുനിന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നേകാലോടെ കുട്ടിയെ തട്ടിക്കാെണ്ടു പോകുമ്പോൾ അമ്മ മുറിയിലായിരുന്നു. പിതാവ് പുറത്തേക്ക് പോയിരുന്നു.ബീഹാർ ബിഷാംപർപൂർ സ്വദേശികളായ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു.പ്രതി കുട്ടിയുമായി പോകുന്ന സി.സി.ടി.വി ദൃശ്യം കണ്ടതോടെ പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി. ബസിൽ കയറിപ്പോയെന്നും വ്യക്തമായി.
രണ്ടു സ്റ്റോപ്പുകൾക്ക് അപ്പുറം മാർക്കറ്റിന് സമീപത്തിറങ്ങി മാലിന്യ കൂമ്പാരത്തിന്റെ മറവിലേക്ക് പോവുകയായിരുന്നു.എന്നാൽ, ഇക്കാര്യം വെള്ളിയാഴ്ച കണ്ടെത്താൻ കഴിഞ്ഞില്ല. പറവൂർ കവലയിലെ കെട്ടിട വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ രാത്രി ഒൻപത് മണിയോടെയാണ് പിടികൂടിയത്. സക്കീർഹുസൈൻ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്നാണ് വെളിപ്പെടുത്തിയത്. ഒരു തുമ്പും കിട്ടാതായതോടെ ഇന്നലെ കർശനമായി ചോദ്യം ചെയ്തു. ഇതോടെയാണ് കുട്ടിയുമായി ബസിൽ നിന്ന് ആലുവ മാർക്കറ്റിൽ ഇറങ്ങിയകാര്യം വെളിപ്പെടുത്തിയത്. ഇന്നലെ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെ മാർക്കറ്റിന് പിന്നിൽ പെരിയാർ തീരത്ത് ഉളിയന്നൂർ അക്വാഡക്ട് തുടങ്ങുന്നിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് മൃതദേഹത്തിന്റെ കൈകൾ പുറത്തുകാണാവുന്ന നിലയിലായിരുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ഇട്ട് മൂടിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ,അടിവസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ധരിച്ചിരുന്ന ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം.