തിരുവനന്തപുരം: വിവാഹ വിരുന്ന് സത്കാരത്തിനായി പള്ളിക്കലിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകളിൽ വീട്ടിൽ സിദ്ദിഖ് (28), ഭാര്യ ആയൂർ അർക്കന്നൂർ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം പുഴയിൽ കാണാതായ ബന്ധു പകൽക്കുറി മൂതല ഇടവേലിക്കൽ വീട്ടിൽ അൻസൽഖാന്റെ (19) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. അൻസൽഖാന്റെ വീട്ടിലാണ് ദമ്പതികൾ വിരുന്നിനെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും വാങ്ങിയശേഷം ഉച്ചയോടെയാണ് ബന്ധുവീട്ടിൽ എത്തിയത്. തുടർന്ന് പള്ളിക്കലാറ്റിന്റെ കരയിൽ നിന്ന് ഫോട്ടോ എടുക്കാനായി ഇറങ്ങി. അഞ്ചരയോടെ പ്രദേശത്ത് വലയിടാനെത്തിയ പ്രദേശവാസികളാണ് പുഴവക്കിൽ ചെരിപ്പുകളും ബൈക്കും കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സംശയം തോന്നിയ അവർ നാട്ടുകാരെ വിവരമറിയിച്ചു.
ഇതിനിടെ മകനെയും വിരുന്നിനുവന്ന നവദമ്പതികളെയും കാണാതായതോടെ അൻസൽഖാന്റെ മാതാപിതാക്കളും സ്ഥലത്തെത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും നടത്തിയ പരിശോധനയിലാണ് അൻസൽഖാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നുരാവിലെ തിരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.ശക്തമായ ഒഴുക്കുള്ളതും ചുഴികൾ നിറഞ്ഞതുമായ ഭാഗത്തുമാണ് അപകടം ഉണ്ടായത്. ആറ്റുവക്കിലെ പാറയിടുക്കിൽ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണതാണെന്നാണ് കരുതുന്നത്.