നൽഗൊണ്ട: തെലങ്കാനയിൽ നിന്ന് ടിആർഎസ് പിഴുതെറിയപ്പെടുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മിഷൻ തെലങ്കാന 2023ന് ആഹ്വാനം ചെയ്താണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ ഇവിടെയെത്തിയത്. ഹൈദരാബാദിലാണ് അമിത് ഷായുടെ റോഡ് ഷോ നടന്നത്. മിഷൻ സൗത്തിന്റെ ഭാഗമായാണ് റാലിയെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
അമിത് ഷാ ഇന്ന് രാത്രി തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസിന്റെ കെ രാജഗോപാൽ റെഡ്ഡിയുടെ രാജിയെ തുടർന്ന് ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന നൽഗൊണ്ട ജില്ലയിലെ മുനുഗോഡിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അമിത് ഷാ തെലങ്കാനയിലെത്തിയത്.
അമിത് ഷാ ഞായറാഴ്ച വൈകുന്നേരം ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദ്രർ റെഡ്ഡി പറഞ്ഞു. അമിത് ഷായുടെ ക്ഷണപ്രകാരമാണ് ജൂനിയർ ജൂനിയർ എൻടിആർ കൂടിക്കാഴ്ച്ചക്കായി എത്തുന്നത്. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.