ന്യൂഡൽഹി∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റർ. ഹോളിവുഡ് ചിത്രമായ ‘ടെർമിനേറ്ററി’ലെ കഥാപാത്രമായി പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്ന പോസ്റ്റർ എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) ഔദ്യോഗിക പേജിലാണ് ബിജെപി പങ്കുവച്ചത്.
‘‘2024! ഞാൻ മടങ്ങിവരും!’’ എന്നാണ് പോസ്റ്ററിലെ വാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. ‘പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു. സ്വപ്നം കണ്ടോളൂ! ടെർമിനേറ്റർ എപ്പോഴും വിജയിക്കും’’ എന്ന അടിക്കുറിപ്പും പോസ്റ്ററിനു നൽകിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനു വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇന്ത്യ’ മുന്നണിയുടെ യോഗം മുംബൈയിൽ ചേരുന്നുണ്ട്.
മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് ഇത്. ഇതിനു മുൻപു പട്ന, ബെംഗളൂരു എന്നിവടങ്ങളിലായിരുന്നു യോഗം. 26 കക്ഷികൾ ഉൾപ്പെട്ട മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്നു സൂചനയുണ്ട്. മുന്നണിയുടെ ഔദ്യോഗിക ലോഗോയും വ്യാഴാഴ്ച പുറത്തിറക്കും. ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സർക്കാരും രണ്ടു ദിവസത്തെ യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളിലെ സ്ഥിതി വിലയിരുത്തുന്നതിനാണ് യോഗം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മുംബൈയിലെ ഔദ്യോഗിക വസതിയിലാണ് യോഗം. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും.