പാട്ന: ബിഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനെതിരെ ലാത്തിച്ചാർജ്. മുതിർന്ന നേതാക്കളടക്കം അണിനിരന്ന മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ വിജയ് കുമാർ സിംഗ് എന്ന ബിജെപി നേതാവ് കൊല്ലപ്പെട്ടതായാണ് വിവരം. ലാത്തിച്ചാർജിൽ പരിക്കേറ്റ് വിജയ് കുമാർ സിംഗിനെ പാട്ന മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിതീഷ് കുമാർ സർക്കാരിന്റെ അദ്ധ്യാപക നിയമന നയത്തിനെതിരെ ബിജെപി സംഘടിപ്പിച്ച മാർച്ചാണ് കനത്ത സംഘർഷത്തിലേയ്ക്കെത്തിച്ചേർന്നത്.
പൊലീസിന്റെ ലാത്തിച്ചാർജിൽ അത്യാഹിതമുണ്ടായതായി ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് അറിയിച്ചത്. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത് എന്ന ആരോപണം ജില്ലാ ഭരണകൂടം തള്ളി. റോഡരുകിൽ ബോധരഹിതനായി കിടന്ന വിജയ് കുമാർ സിംഗിനെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നുമെന്നാണ് അധികൃതർ അറിയിക്കുന്നത്.