
പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. വിജയ സാധ്യതയുള്ള വാർഡിനായാണ് തർക്കം രൂക്ഷമായിരിക്കുന്നത്. മൂത്താൻത്തറ ശ്രീരാംപാളയം വാർഡിനായി ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്തെത്തി. മുൻ കൗൺസിലർ സുനിൽ മോഹൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി മധു എന്നിവരും വാർഡിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. വിഷയം ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും യോഗം തീരുമാനമെടുക്കും.
നേരത്തെ, സി കൃഷ്ണകുമാർ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെ പട്ടികയിൽ നിന്നും ഒഴിവാക്കിയായിരുന്നു പട്ടിക.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാർ… 53 സീറ്റുകളിൽ ഇടംപിടിച്ചവരിൽ ഭൂരിഭാഗവും സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ പക്ഷക്കാർ മാത്രമാണ്. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാനും ബിജെപി സംസ്ഥാന ട്രഷററുമായ ഇ കൃഷ്ണദാസ്, ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും പട്ടികയിൽ ഇടമില്ല. പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെയും തീരുമാനം. സീറ്റ് നിഷേധിച്ചതിനെതിരെ ആർഎസ്എസ് നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് എൻ ശിവരാജൻ.
ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി എൻ ശിവരാജന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരന് സീറ്റ് നൽകരുതെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കൃഷ്ണകുമാർ പക്ഷവും ആവശ്യപ്പെട്ടു. നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപവും തുടരുകയാണ്. പ്രിയ അജയൻ അവസരവാദി, സന്ദീപ് വാര്യറെ പോലെ മെച്ചപ്പെട്ട ഓഫർ വന്നുകാണുമെന്നുമാണ് ഇവർക്കെതിരെ ഉയരുന്ന അധിക്ഷേപം.


