തിരുവനന്തപുരം: സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാറനല്ലൂരിൽ ബിജെപി സഹകരണ അദാലത്ത് നടത്തി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പിനെതിരെ തൂങ്ങാംപാറ വിശ്വമ്പര ആഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫിനും എൽഡിഎഫിനും തടിച്ച് കൊഴുക്കുവാനുള്ള വെള്ളാനയായി സഹകരണ മേഖല മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇടതു- വലത് മുന്നണികൾക്ക് അഴിമതിക്കുള്ള മാർഗം മാത്രമാണ് സഹകരണ മേഖല. പാവപ്പെട്ടവരാണ് ഈ രാഷ്ട്രീയക്കാരുടെ തട്ടിപ്പിന് ഇരയാവുന്നത്. ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ച ഇക്കൂട്ടർ സഹകരണ രംഗത്തെ ഭീമന്മാർക്ക് അഴിമതി നടത്താനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ മുഖ്യമന്ത്രി രാജ്ഭവന് മുമ്പിൽ നടത്തിയ സമരത്തിൽ പറഞ്ഞത് മോദി സർക്കാർ സഹകരണ മേഖലയെ തകർക്കുന്നുവെന്നാണ്. എന്നാൽ സഹകരണ മേഖലയെ കാർന്ന് തിന്നാൻ ശ്രമിക്കുന്നവരെ നിലയ്ക്ക് നിർത്താനും സുതാര്യമാക്കാനുമാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കള്ളപ്പണ ഇടപാടുകളും തട്ടിപ്പും തടയാനുള്ള കേന്ദ്രനീക്കത്തിനെതിരെ കോൺഗ്രസ്- സിപിഎം മുന്നണികൾ രംഗത്തിറങ്ങിയത് അഴിമതിക്കാരെ സംരക്ഷിക്കാനാണ്. കെവൈസി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന അവരുടെ പ്രഖ്യാപനം കള്ളപ്പണ ഇടപാട് ഇഷ്ടം പോലെ നടത്താനായിരുന്നു. സഹകരണ മേഖലയിൽ പൊതു സോഫ്റ്റ് വെയർ കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ കേരളം മാത്രമാണ് എതിർത്തത്. അഴിമതി നടത്താൻ സാധിക്കാതെ വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് സംസ്ഥാന സർക്കാർ ഇതിനെ എതിർത്തത്. ഇതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് സഹകാരികൾക്കും കർഷകർക്കും കേന്ദ്ര ആനുകൂല്ല്യങ്ങൾ ലഭിക്കാതെയായി. പാവപ്പെട്ടവരെ വഞ്ചിച്ച് വൻകിടക്കാരെ അഴിമതി നടത്താൻ സഹായിക്കുന്ന സർക്കാരും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.