
തിരുവനന്തപുരം: കേരളനിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയ്ക്കാണ് കേരളത്തിന്റെ ഇന്‍ചാര്‍ജ്. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയ്ക്കാണ് സഹചുമതല.
ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ഈ മാസം പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 50 സ്ഥാനാര്‍ഥികളെയാകും പ്രഖ്യാപിക്കുക. മുതിര്‍ന്ന നേതാക്കള്‍ ഉള്പ്പടെയുള്ളവരാകും ആദ്യപട്ടികയില്‍ ഇടം പിടിക്കുക. നേമത്ത് ഇതിനകം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവില്‍ കെ സുരേന്ദ്രന്റെയും നടന് കൃഷ്ണകുമാറിന്റെയും ആര് ശ്രീലേഖയുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ആറന്മുളയില് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന് മത്സരിച്ചേക്കും. ആലപ്പുഴ ജില്ലയിലെ കായംകുളത്തോ, ആരുരിലോ ആയിരിക്കും ശോഭാ സുരേന്ദ്രന് മത്സരിക്കുകയെന്നാണ് സൂചന. നേമം, വട്ടിയൂര്‍ക്കാവ്, പാലക്കാട് തുടങ്ങിയ ഒട്ടേറെ മണ്ഡലങ്ങളില്‍ വലിയ വിജയപ്രതീക്ഷയിലാണ് ബിജെപി.


