
ഭോപ്പാൽ : ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടിൽ ഇ,ഡി നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയ്ക്കും സ്വർണം വെള്ളി ആഭരണങ്ങൾക്കുമൊപ്പം മൂന്ന് മുതലകളെയും കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ വ്യാപാരിയും മുൻ എം.എൽ.എയുമായ ഹർവൻഷ് സിംഗ് റാത്തോറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 155 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ റാത്തോറിന്റെയും മുൻ കൗൺസിലറായ രാജേഷ് കേശർവാണിന്റെയും വീടുകളിൽ ഞായറാഴ്ച മുതലാണ് റെയ്ഡ് നടന്നത്. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആഭരണങ്ങൾക്ക് പുറമേ മൂന്നുകോടി രൂപയും പിടിച്ചെടുത്തു. ഇതിനിടെയാണ് റാത്തോറിന്റെ വീട്ടിലെ കുളത്തിൽ നിന്ന് മൂന്ന് മുതലകളെ കണ്ടെത്തിയത്.
ഹർവൻഷ് സിംഗ് റാത്തോറിനൊപ്പം ചേർന്ന് പുകയില വ്യാപാരം നടത്തുന്ന കേശർവാണി എന്നയാളിൽ നിന്ന് 140 കോടി രൂപയും കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പേരിലല്ല കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിൽനിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് റാത്തോർ വിജയിച്ചത്. റാത്തോറിന്റെ പിതാവ് ഹർനം സിംഗ് റാത്തോർ മുൻ മന്ത്രിയായിരുന്നു..
