സെൽവരാഘവൻ്റെ സംവിധാനത്തിൽ ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബകാസുരൻ. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ബകാസുരന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന സംവിധായകൻ അമീർ സുൽത്താൻ്റെ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്.
ചിത്രം കണ്ട ബി.ജെ.പി നേതാവ് എച്ച്.രാജ ബകാസുരനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് എച്ച് രാജ ഇത്ര പെട്ടെന്ന് ഒരു സിനിമ കാണുകയും റിവ്യൂ ഇടുകയും ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അമീർ പറഞ്ഞു. കാലാ, കബാലി, മദ്രാസ് തുടങ്ങിയ സിനിമകൾ പുറത്തിറങ്ങിയപ്പോൾ ഇതൊന്നും ചെയ്തില്ലെല്ലോന്ന് അമീർ പറഞ്ഞു. ഉത്തരേന്ത്യയിലേത് പോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബകാസുരൻ എന്ന ചിത്രത്തിന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ അമീറിന്റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബകാസുരന്റെ സംവിധായകൻ മോഹൻ. ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും പറഞ്ഞതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അദ്ദേഹം അമീറിനോട് ആവശ്യപ്പെട്ടു. സിനിമ കാണാതെ തന്നെ സിനിമയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് അമീർ പ്രചരിപ്പിക്കുന്നത്. സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ല. വായ്പയെടുത്താണ് സിനിമ പൂർത്തിയാക്കിയതെന്നും മോഹൻ തിരിച്ചടിച്ചു.