തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ വി ജി ഗിരികുമാർ അറസ്റ്റിൽ. ഗൂഡാലോചനക്കേസിലാണ് ഗിരികുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പി റ്റി പി വാർഡ് കൗൺസിലറും ആർഎസ്എസിന്റെയും ബിജെപിയുടെയും തിരുവനന്തപുരം ജില്ലാ നേതാവുമായ ഗിരികുമാറാണ് പ്രതികൾക്ക് പ്രേരണ നൽകിയതും തെളിവ് നശിപ്പിക്കാൻ ഉൾപ്പെടെ സഹായിച്ചതുമെന്നാണ് പൊലീസ് പറയുന്നത്.
നേരത്തേ ആർഎസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരി അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇയാളെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി അവിടെ എത്തിയതായി കണ്ടെത്തിയിരുന്നു. മുമ്പ് അറസ്റ്റിലായവരിൽ നിന്നും ശബരിയെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതിനകം നാലുപേർ പിടിയിലായിരുന്നു. 2018ലാണ് ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.