ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ദിലീപ് ഗിരിയെ(42)യാണ് ബൈക്കിലെത്തിയ മൂന്നംഗം സംഘം വ്യാപാരസ്ഥാപനത്തിന് പുറത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.
പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തെ തുടർന്ന് ഗോസായ്ഗഞ്ച് ബസാറിലെ വ്യാപാരികൾ പരിഭ്രാന്തിയിലാണ്. സംഭവം അറിഞ്ഞയുടൻ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് വ്യാപാരികൾ വീടുകളിലേക്ക് മടങ്ങി.