
ദില്ലി: പാറ്റ്ന വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. പാറ്റ്ന- ദില്ലി ഇൻഡിഗോ വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്. പാറ്റ്ന വിമാനത്താവളത്തിൽ തിരികെ ഇറങ്ങുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അതിനിടെ, ഇന്നലെ അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാൻ അനുവദിക്കാതെ തടസ്സമുണ്ടാക്കിയിരുന്നു. ഒടുവിൽ രക്ഷയ്ക്കായി അഗ്നിശമന സേന എത്തി. സൂറത്തിൽ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്. വിമാനത്തിൽ ആളുകൾ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാർക്ക് ദുരിതമായത്.
വൈകുന്നേരം 4.20-ന് സൂറത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർബസ് എ320 വിമാനം ഒടുവിൽ തേനീച്ച പ്രശ്നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര ആരംഭിച്ചത്. പ്രശ്നം ആരംഭിക്കും മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുന്നതിനിടെയാണ് തേനീച്ചക്കൂട്ടം തുറന്ന ലഗേജ് ഡോറിന് സമീപം തമ്പടിച്ചത്. ഇവയെ എങ്ങനെ ഒഴിവാക്കുമെന്ന കാര്യത്തിൽ ജീവനക്കാർക്കും ആശങ്കയായി.
