ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സംഘം ജില്ലയിൽ പര്യടനം ആരംഭിച്ചു. ഡോ.രാജേഷ് കടമണി, ഡോ.രുചി ജെയിൻ എന്നിവരുൾപ്പെടെ 7 അംഗ സംഘമാണ് ജില്ലയിലെത്തിയത്. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പാടശേഖരവും പരിസര പ്രദേശങ്ങളും സംഘം സന്ദർശിക്കും. പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ1 കഴിഞ്ഞ ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച താറാവുകൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ കൊല്ലുന്ന പ്രക്രിയ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് ആരംഭിച്ചിരുന്നു. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ വളർത്തു പക്ഷികളെ കൊന്നിരുന്നു. പ്രദേശത്തെ ചിലർ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തും.
അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗം, വ്യാപാരം, കടത്ത് എന്നിവ നിരോധിച്ച് ഉത്തരവിറക്കി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകൾ, ഹരിപ്പാട് നഗരസഭ എന്നിവിടങ്ങളിൽ ആണ് നിരോധനാജ്ഞ.