തിരുവനന്തപുരം: അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുൻകരുതലിൻ്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കൽ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ ഉറവിടമായ പെരുങ്കുഴി ജംഗ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ പക്ഷികളെ കൊന്നൊടുക്കുന്നതിനൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം, കാലിത്തീറ്റ എന്നിവയും ഇല്ലാതാക്കും.
കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം വാർഡ് ഒന്ന്, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന നിരീക്ഷണ മേഖലയുടെ പരിധിയിൽ നിന്ന് കോഴി, താറാവ്, തുടങ്ങിയവയുടെ കൈമാറ്റം, കടത്ത്, വിൽപ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകൾക്ക് പുറത്ത് മുട്ട, ഇറച്ചി, വളം, കാലിത്തീറ്റ എന്നിവയുടെ വിൽപ്പനയും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്.