ആലപ്പുഴ: ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയാണെന്നു സൂചന ലഭിച്ചിരുന്നു. ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡിൽ മറ്റത്തിൽവെളിയിൽ വീട്ടിൽ കത്രീനാമ്മയുടെ കോഴി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ 2200 കോഴികളാണുള്ളത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം.
പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദേശങ്ങൾ
∙കാക്കകളിലും മറ്റ് പറവകളിലും വളർത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുക.
∙ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്.
∙കാക്കകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ പൊതുജനങ്ങൾ മാലിന്യങ്ങൾ പൊതുനിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയരുത്.
∙കാക്കകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ ചന്തകളിലെ മാലിന്യങ്ങൾ കൂട്ടിയിടരുത്.
∙ഫാമുകളിലും കോഴി വളർത്തൽ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണം.
∙വീടുകളിലെ ഖരമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കണം.
∙വനപ്രദേശങ്ങൾക്കു സമീപമുള്ള പ്രദേശങ്ങളിൽ പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കുക .
∙രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
∙നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
∙വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക.