പത്തനംതിട്ട: മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്ന പരീക്ഷണത്തിനിടെയാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫും ഫയർഫോഴ്സും സ്ഥലത്തുള്ളപ്പോഴായിരുന്നു അപകടം.
രക്ഷാപ്രവർത്തകർക്കെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ബിനുവിനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി നടന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചു. എൻഡിആർഎഫും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്താൻ വൈകിയെന്നും രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് പ്രവർത്തന രഹിതമായിരുന്നെന്നും ആക്ഷേപം ഉയർന്നു. ഫയർഫോഴ്സിന്റെ മോട്ടോർ ബോട്ട് കയറിൽ കെട്ടി വലിച്ചാണ് കരയിലേക്ക് എത്തിച്ചത്. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
തുരുത്തിക്കാട് സ്വദേശി ബിനു സോമനാണ് വെണ്ണിക്കുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്ലിനിടെ മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ബിനു സോമന്റെ മരണം ഇന്നലെ രാത്രി 8.10 ഓടെയാണ് സ്ഥിരീകരിച്ചത്.
എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം അപകടങ്ങൾ ഉണ്ടാകുന്ന പടുതോട് പാലത്തിന് സമീപം രാവിലെ ഒൻപത് മണിയോടെയാണ് മോക്ഡ്രിൽ ആരംഭിച്ചത്. നീന്തൽ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോറിറ്റി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. എൻ.ഡി.ആർ.എഫിന്റെയും അഗ്നിരക്ഷാസേനയുടെയും നിർദേശപ്രകാരം വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്താനുള്ള മാർഗം പരീക്ഷിക്കുന്നതിനിടെയാണ് ബിനു ആഴമേറിയ കയത്തിൽ വീണത്.