
ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. തങ്കമണി പാലോളിൽ, ബിനീതയെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.
2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി ഡിസിആർബി ഡി വൈ എസ് പി കെ ആർ ബിജുവിന്റെയും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
