
മനാമ: വരുമാനം കുറഞ്ഞവർക്ക് കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണമെന്ന് ബഹ്റൈൻ പാർലമെൻ്റ് അംഗങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. ഇത് നിസ്സാര വ്യവഹാരങ്ങൾ വർധിക്കാനിടയാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഡോ. അലി അൽ നു ഐമി അവതരിപ്പിച്ച ബിൽ, സാമൂഹിക പിന്തുണ സ്വീകരിക്കുന്നവരെയും പ്രതിമാസം 1,500 ദിനാറിൽ താഴെ വരുമാനമുള്ള പെൻഷൻകാരെയും കോടതി ഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കാനുള്ളതാണ്. നീതിന്യായ മന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരത്തോടെ ഫീസ് നൽകാനുള്ള കഴിവില്ലായ്മ തെളിയിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഇളവുള്ളത്.
നിലവിലെ നിയമം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ മതിയായ സൗകര്യം നൽകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
