
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അമ്മാവന്മാര് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ മാഞ്ജി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്.
കേസില്‍ ശങ്കറിന്റെ മാതൃസഹോദരന്മാരായ തൂഫാനി (35) രാജേഷ് ( 29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് കൊല്ലപ്പെട്ട ശങ്കറും പ്രതികളായ അമ്മാവന്മാരും. ബിഹാറിലെ ഷോഹര്‍ ജില്ലക്കാരായ മൂവരും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനായി രണ്ടു ദിവസം മുമ്പാണ് ഗുണയില്‍ എത്തിയത്. മൂന്നുപേരും ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാത്രി മൂന്നുപേരും കൂടി ഭക്ഷണം പാചകം ചെയ്തു കഴിച്ച ശേഷം മദ്യപാനം ആരംഭിച്ചു. ഇതിനിടെ ചര്‍ച്ച ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയും തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. മരിച്ച ശങ്കര്‍ ആര്‍ജെഡി അനുകൂലിയാണ്. പ്രതികളായ അമ്മാവന്മാര് തൂഫാനിയും രാജേഷും ജെഡിയു പക്ഷക്കാരാണ്. സംസാരത്തിനിടെ ആര്‍ജെഡി നേതാവായ തേജസ്വി യാദവിനെതിരായ മോശം പരാമര്‍ശമാണ് ശങ്കറിനെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, അടുത്തുള്ള ഒരു ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മുഖം ചെളിയില്‍ മുക്കി. മുഖം ചെളിയില്‍ അമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശങ്കര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യുവാവിന്റെ വായിലും ശ്വാസകോശത്തിലും വരെ ചെളി എത്തിയിരുന്നു.
മരിച്ചുവെന്ന് ബോധ്യമായതോടെ, ചെളിയില്‍ പുതഞ്ഞ ശങ്കറിനെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വിവരം അറിഞ്ഞെട്ടത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. ഒരു മണിക്കൂറിനകം പ്രതികളെ വലയിലാക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.


