
ബെംഗളൂരു: ധർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
