വാഷിംങ്ടൻ: റഷ്യ യുക്രെയ്നിനെ അകാരണമായി ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ തുടർന്നുണ്ടാകുന്ന യുദ്ധം രക്തരൂക്ഷിതവും നശീകരണാത്മകവുമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. റഷ്യൻ – യുക്രെയ്ൻ അതിർത്തിയിൽ നിലനിൽക്കുന്ന യുദ്ധ സമാന സാഹചര്യങ്ങളെ കുറിച്ചു ഫെബ്രുവരി 15 ചൊവ്വാഴ്ച ടെലിവിഷനിലൂടെ പ്രസ്താവന നടത്തുകയായിരുന്നു ബൈഡൻ.
‘നിങ്ങൾ ഞങ്ങളുടെ ശത്രുക്കളല്ലാ, നിങ്ങൾ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നവരല്ല. റഷ്യൻ – യുക്രെയ്ൻ ജനങ്ങൾ നമ്മിലൂടെ ആഴമായ സുഹൃദ്ബന്ധം, സാംസ്ക്കാരിക ഐക്യം എന്നിവയെ കുറിച്ചെല്ലാം വ്യക്തമായ ബോധം എനിക്കുണ്ട്. എന്നാൽ റഷ്യൻ ഭരണാധികാരികൾ യുദ്ധം ആഗ്രഹിക്കുന്നു. ഇത് അനവസരത്തിലുള്ളതും, അകാരണവുമാണ്. യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്ക – ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന അവഗണിച്ചാൽ സ്വയം മുറിവേൽപ്പിക്കുന്ന അനുഭവമായിരിക്കും റഷ്യക്കുണ്ടാകുക’–ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യ യുക്രെയ്നെ ആക്രമിച്ചാൽ അതിനെ നേരിടാൻ യുഎസും സഖ്യകക്ഷികളും തയാറായിരിക്കുന്നു. സാമ്പത്തിക ഉപരോധം ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ റഷ്യക്കു നേരിടേണ്ടി വരും. ഇപ്പോഴും യുദ്ധം ഒഴിവാക്കുന്നതിനുള്ള ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. യുക്രെയ്ൻ അതിർത്തിയിൽ നിന്നും റഷ്യ കുറച്ച് സൈനികരെ പിൻവലിച്ചാലും യുദ്ധ സാഹചര്യം ഒഴിവായെന്ന് പറയാൻ കഴിയുകയില്ലെന്നും ബൈഡൻ പറഞ്ഞു.
