വാഷിങ്ടന്‍ ഡി സി:അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വെടിവയ്പ്പ് കേസുകളെ തുടര്‍ന്ന്, മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കുമെന്നും, തോക്ക് വാങ്ങുന്നവരുടെ പ്രായം 21 ആക്കി ഉയര്‍ത്തുമെന്നും പ്രസിഡന്റ് ബൈഡന് നടത്തിയ പ്രഖ്യാപനം നടപ്പായില്ല.
ഡമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തോക്ക് നിയമം സംബന്ധിച്ച ധാരണയിലെത്തി. ഇതില്‍ സുപ്രധാന തീരുമാനം 21 വയസ്സിനു താഴെ തോക്കുവാങ്ങുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് കര്‍ശനമാക്കണം എന്നതാണ്. ഡമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോന്നന് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യമാകെ വ്യാപിച്ചിരിക്കുന്ന അക്രമണം കുറച്ചുകൊണ്ടുവരിക, മാനസികാരോഗ്യം വര്‍ധിപ്പിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ.
