വാഷിംഗ്ടണ്‍ ഡി. സി : കോവിഡ് 19 മഹാമാരിയില്‍ അമേരിക്കയില്‍ ജീവന് നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു.
ബോസ്റ്റണിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര് കോവിഡ് മഹാമാരിയില്‍ മരിക്കാനിടയായതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി ഒക്ടോബര്‍ 2 ശനിയാഴ്ച പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് ദുഃഖം തളംകെട്ടി നില്ക്കുന്ന ഈ സമയത്ത് നാം കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഇവരുടെ കുടുംബാഗങ്ങളോട് അനുശോചനം അറിയിക്കുന്നതോടൊപ്പം എല്ലാവരും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബൈഡന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഈ സമ്മറില്‍ പാന്‍ഡമിക്കിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടി ചേര്‍ത്തിരിക്കുകയാണ്. മില്യണ്‍ കണക്കില്‍ അമേരിക്കക്കാരാണ് വാക്സിന് സ്വീകരിക്കാന്‍ തയാറാകാതിരുന്നത്. ഇതു മാരകമായ സല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതിനും മൂന്നര മാസത്തിനുള്ളില്‍ 600,000 ല്‍ നിന്നും 700,000 ന് അപ്പുറത്തേക്ക് മരണസംഖ്യ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയതായി ബൈഡന് പറഞ്ഞു.
ഇത്രയും മരണം സംഭവിച്ചത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് വാക്സിന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്. വാക്സിന് സുരക്ഷിതവും സൗജന്യവുമാണ് എല്ലാവരും വാക്സിന് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ബൈഡന് അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ജൂണിനു ശേഷം ഏറ്റവും കൂടുതല്‍ മരണം നടന്നതു ഫ്ളോറിഡയിലാണ് (17000 ) , പിന്നാലെ ടെക്സസ് (13000). ഈ രണ്ടു സ്ഥലങ്ങളിലെയും മരണസംഖ്യ യുഎസിലെ ആകെ കോവിഡ് മരണത്തിന്റെ 15 ശതമാനാണ്.