റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്ലാൻ ടി ഫിലിംസിന്റെയും, ഷെയ്ൻ നിഗം ഫിലിംസിന്റെയും ബാനറിൽ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷെയ്ൻ നിഗം ആദ്യമായി ചലച്ചിത്ര നിർമ്മാണരംഗത്ത് കാൽവെയ്പ്പ് നടത്തുന്ന ചിത്രംകൂടിയാണ് ഭൂതകാലം.
ഷെയ്ൻ നിഗം, രേവതി, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ബാഗ്രൗണ്ട് സ്കോർ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഷെയ്നിന്റെ വരികൾക്ക് ഷെയ്ൻ തന്നെ സംഗീതം നൽകുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ്. എ.ആർ അൻസാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ഡിഓപി: ഷെഹ്നാദ് ജലാൽ.