മലയാള സിനിമയില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ്, മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തുന്ന ഭീഷ്മ പര്‍വ്വം . പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നലെ വൈകിട്ടാണ് എത്തിയത്.
ഈ ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയിലെ കാത്തിരിപ്പ് എത്രയെന്ന് മനസിലാക്കാന്‍ ടീസറിനു ലഭിക്കുന്ന റിയാക്ഷനുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. യുട്യൂബില്‍ ഇന്നലെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസര്‍ 15 മണിക്കൂര്‍ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളാണ്. 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്റുകളും വീഡിയോയ്ക്കു താഴെയുണ്ട്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസര്‍ റിയാക്ഷന് വീഡിയോകള്‍ എത്തിയതും ഈ ടീസറിന് ആയിരുന്നു.
ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
