തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന എത്തി. പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം എന്ന് വിശേഷിപ്പിച്ച് അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ നടിയെ സ്വീകരിച്ചത്.
ജീവിതത്തിലെ പ്രതിസന്ധികൾക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് ഭാവന ആശംസകൾ നേർന്നു. കേരളത്തിന്റെ റോൾ മോഡലാണ് ഭാവനയെന്ന് മന്ത്രി സജി ചെറിയാൻ വേദിയിൽ പറഞ്ഞു.
“26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എനിക്ക് ഒരു അവസരം തന്ന് എന്നെ ഇവിടേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീന ചേച്ചിക്കും നന്ദി.
നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകർക്കും ലിസയെപ്പോലെ എല്ലാ പ്രതിസന്ധികൾക്കെതിരെയും പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാവിധ ആശംസകളും”, ഐഎഫ്എഫ് കെ ഉദ്ഘാടന വേദിയിൽ ഭാവന പറഞ്ഞു.