
മനാമ: ഇന്ത്യന്‍ ക്ലബ്ബുമായി സഹകരിച്ച് ഭാരതി അസോസിയേഷന് ദമ്മാമില്‍നിന്ന് ചെന്നൈയിലേക്ക് ഇന്ന് ഒരു ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം സജ്ജീകരിച്ചു.
ബഹ്റൈന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനെത്തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ അടിയന്തരമായി സ്വന്തം നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണിത്. ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നിട്ടും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കി വിമാനം പൂര്‍ണ്ണമായും ബുക്ക് ചെയ്തു. ദമ്മാമിലേക്കുള്ള ബസ് ഗതാഗതവും ആവശ്യമായ സൗദി വിസയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.
മുത്തുവേല്‍ മുരുകന്, സബീഖ് മീരാന്‍, സുബ്രഹ്മണ്യന് സുബാഷ്, ശക്തിവേല്‍, പൂന്തൈ ഇസ്മായില്‍, ആസത്ത് മൈദീന്, ഇളയരാജ ബാലസുബ്രഹ്മണ്യന് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഭാരതി അസോസിയേഷന് വളണ്ടിയര്‍മാരുടെ ഒരു സംഘത്തെ ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രതിനിധികളോടൊപ്പം ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനുമായി നിയോഗിച്ചു.
വ്യോമമേഖല അടച്ചിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 192 യാത്രക്കാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിക്കും. ദമ്മാമിലേക്ക് ബസില്‍ പുറപ്പെടുന്നതിനു മുമ്പ് എല്ലാ യാത്രക്കാര്‍ക്കും ഗോള്‍ഡന്‍ ടുലിപ് ഹോട്ടലില്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി. ഭാരതി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖയ്യൂം, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി മാഡം ഹന്‍സുല്‍ ഗനി, ഇന്ത്യന്‍ ക്ലബ് മാനേജ്മെന്റ് ടീം അംഗങ്ങള്‍ എന്നിവര്‍ യാത്രയയപ്പ് ചടങ്ങിന് നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം 5 മണിക്ക് ദമ്മാമില്‍നിന്ന് ചെന്നൈയിലേക്ക് വിമാനം പുറപ്പെടും.


