ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിട്ടു. മല്ലികാർജുൻ ഖാർഗെയും വടക്കൻ കർണാടകയിലെ ജോഡോ യാത്രയിൽ പങ്കെടുത്തു. കെ സുധാകരൻ, വി ഡി സതീശൻ എന്നിവരും യാത്രയുടെ ഭാഗമാകും. ആന്ധ്രാപ്രദേശ്, കർണാടക അതിർത്തി പ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ യാത്ര പുരോഗമിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും യാത്രയിൽ പങ്കെടുക്കും.
ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുയോഗത്തിൽ മൂന്ന് ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. യാത്ര കടന്നുപോകുന്ന തെരുവുകളിൽ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഒരുമിച്ചുള്ള ബാനറുകളും ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ വലിയ സ്വപ്നങ്ങളാണ് കോൺഗ്രസ് കാണുന്നത്. 2010ൽ ബിജെപി ഭരണത്തിന് കീഴിൽ റെഡ്ഡി സഹോദരൻമാർ അനധികൃതമായി ഖനനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ നടത്തിയ 320 കിലോമീറ്റർ പദയാത്ര ബല്ലാരിയെ പിടിച്ചുകുലുക്കിയിരുന്നു.
ജി ജനാർദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവർക്കെതിരായ മാർച്ച് കോൺഗ്രസിന് വലിയ വഴിത്തിരിവായി. അന്നത്തെ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്കെതിരായ ആക്രമണം മൂർച്ചകൂട്ടാനും ബി.ജെ.പി സർക്കാരിനെ പുറത്താക്കാനും ഇത് സഹായിച്ചു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തി. ജോഡോ യാത്ര രാജ്യത്ത് പാർട്ടിക്ക് പുതുജീവൻ നൽകിയതായി കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.