തിരുവനന്തപുരം: നാൽപ്പതു കോടിയിലേറെ വരുന്ന രാജ്യത്തെ അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പ് “ഭായി ലോഗ്” മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ ആസിഫ് അയൂബും, ആഷിഖ് ആസാദും, ഗോകുൽ മോഹനും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ 2023 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ “ഭായ് ലോഗ്” ആണ് ആപ്പിന്റെ ശിൽപ്പികൾ.
നാൽപ്പതു കോടിയിലേറെ വരുന്ന ഇന്ത്യയിലെ അതിഥിതൊഴിലാളികൾ മറ്റേതൊരു അസംഘടിത മേഖലയിലേതുപോലെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായി ജീവിക്കുന്ന നിശബ്ദമായ ഒരു തൊഴിലാളി വിഭാഗമാണ്. വിദ്യാസമ്പന്നരും സമർഥരുമായ ഇടനിലക്കാരുടെയും തൊഴിലുടമകളുടെയും നിരവധിയായ വിവേചനങ്ങൾ ജീവിത വിധിയെന്നപോലെ ഏറ്റുവാങ്ങുന്നവരാണിവർ. 2021 ലെ പ്ലാനിംഗ് ബോർഡിൻറെ കണക്കുകൾ പ്രകാരം മുപ്പത്തിഒന്ന് ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ ഇത്തരത്തിൽ കേരളത്തിലും കഴിയുന്നുണ്ട്.
ഭായ് ലോഗ് ആപ്പ്വഴി തങ്ങളുടെ നൈപുണ്യത്തിനനുസരിച്ച് ഇഷ്ടമുള്ള ജോലികൾ അനായാസം തിരഞ്ഞെടുക്കുവാൻ ഇനി അതിഥിതൊഴിലാളികൾക്ക് കഴിയും. ഒപ്പം, ഓരോ നൈപുണ്യമേഖലയുടെ ആവശ്യാനുസരണം തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകൾക്കും കഴിയും. ഗൂഗിൾ പ്ലേ-സ്റ്റോറിൽ നിന്നും ഭായ് ലോഗ് ആപ്പ് ഡൌൺലോഡ് ചെയ്യാം. ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് തൊഴിലാളികൾ അവരുടെ കൃത്യവും, ആധികാരികവുമായ വിവരങ്ങൾ നൽകണമെന്നുമാത്രം. തുടർന്ന് ഇടനിലക്കാരില്ലാതെ തന്നെ ജോലികൾ ലഭ്യമാക്കുവാൻ തൊഴിലാളികൾക്കും, അധികബാധ്യതകളോ, ഭയാശങ്കകളോ ഇല്ലാതെ ജോലിനൽകുവാൻ തൊഴിലുടമകൾക്കും കഴിയും. കേവലം ഒരു ജോലി മാത്രമല്ല, ഒപ്പം മെച്ചപ്പെട്ട വേതനവും, തൊഴിലിടങ്ങളിലെ സുരക്ഷയും, ഉറപ്പുവരുത്തുവാനുള്ള സംവിധാനങ്ങളും ഈ ആപ്പിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ ഐ.എ.എസ്സും, സ്റ്റാർട്ട് അപ്പ് മിഷൻ മേധാവി അനൂപ് അംബികയും പങ്കെടുത്തു.