തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡോ.വിജയ് പി.നായര്‍ക്കെതിരെ ആക്രമണം. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി.നായർ താമസിക്കുന്ന ലോഡ്ജിൽ എത്തി പ്രതിഷേധിച്ചത്. ‘ഇനിയൊരു സ്ത്രീയെ കുറിച്ചും പറയരുത്’ എന്ന് പറഞ്ഞ് പ്രതിഷേധിച്ച ഇവര്‍ വിജയ് പി.നായരുടെ ശരീരത്തില്‍ കരി ഓയില്‍ ഒഴിച്ചു. ഭാഗ്യലക്ഷ്മി വിജയ് പി.നായരുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഇയാളെക്കൊണ്ട് മാപ്പ് പറയിച്ചു. ഇയാളുടെ വീഡിയോകളിൽ എല്ലാം തന്നെ സ്ത്രീകൾക്കെതിരെ മോശമായ പരാമർശങ്ങളാണ് ഉള്ളത്. മലയാള സിനിമയിലെ ഡബിങ് ആര്‍ട്ടിസ്റ്റിനെയും മറ്റ് നിരവധി ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇയാള്‍ യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നുവെന്ന് വിജയ് പി.നായര്‍ പ്രതിഷേധകരോട് പറയുന്നുണ്ട്. ഇയാൾക്കെതിരെ പ്രതിക്ഷേധക്കാർ പോലീസിൽ പരാതി നൽകി.